Chakkarakal Town Need Pay Parking-ചക്കരക്കല്ലിൽ പേ പാർക്കിങ് സംവിധാനം വേണമെന്ന് ആവശ്യം
ചക്കരക്കല്ലിൽ പേ പാർക്കിങ് സംവിധാനം വേണമെന്ന് ആവശ്യം
ചക്കരക്കല്ലിൽ പാർക്കിങ് തോന്നുംപോലെ പൊറുതിമുട്ടി ജനം.
ചക്കരക്കല്ലിൽ പാർക്കിങ് തോന്നുംപോലെയായതോടെ പൊറുതിമുട്ടിയിരിക്കുകയാണ് ജനം.ദിനംപ്രതി വികസിച്ചു കൊണ്ടിരിക്കുന്ന ചക്കരക്കല്ലിൽ നാമമാത്രമായ വികസന പ്രവർത്തനങ്ങൾ പോലും അധികൃതർ നടത്തുന്നില്ലെന്നാണ് പരാതി. ദിവസവും വാണിജ്യ വ്യവസായ ആവശ്യങ്ങൾക്കും ആശുപത്രികളിലും ട്രഷറി യിലും ബാങ്കുകളിലുമായി ആയിരക്കണക്കിന് ജനങ്ങൾ എത്തിചേരുന്ന പട്ടണമാണ് ചക്കരക്കൽ.
ചെമ്പിലോട്, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്തുകൾ ഉൾപെടുന്നതാണ് ചക്കരക്കൽ പട്ടണം. ടൗണിൽ വരുന്ന പകുതിയിലേറെ പേരും സ്വന്തം വാഹനങ്ങളിൽ എത്തുന്നവരാണ്. ഇതിൽ ഭൂരിഭാഗം വാഹനങ്ങളും നിർത്തിയിടുന്നത് റോഡിൻ്റെ വശങ്ങളി ലാണ്. അഞ്ചരക്കണ്ടി - കണ്ണൂർ റോഡിൽ ചൂള മുതൽ സോന റോഡ് വരെയും വെള്ളച്ചാൽ റോഡിൽ ഗോകുലം ഓഡിറ്റോറിയം വരെയും മുഴപ്പാല റോഡിൽ ബിഎം ഹോസ്പിറ്റൽ വരെയും റോഡിൻ്റെ വശങ്ങളിൽ അനധികൃത പാർക്കിങ് പതിവ് കാഴ്ചയാണ്.
നിലവിൽ ചക്കരക്കൽ ഗവ: ആശുപത്രിക്ക് പാർക്കിങ് കേന്ദ്രമില്ല. എല്ലാവരും മൂന്നുപെരിയ റോഡിലെ ആശുപത്രിക്ക് മുൻവശം തൊട്ട് കെ.കെ.ബാർ വരെയുള്ള റോഡിൻ്റെ ഇരുവശവും ചക്കരക്കൽ, കൊച്ചമുക്ക് റോഡിലുമായാണ് പാർക്കിങ്ങിന് ആശ്രയിക്കുന്നത്. ഇതു മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു.
മൂന്നുപെരിയ റോഡിൽ കഴിഞ്ഞ മാസം മുതൽ പോലീസ് നോ പാർക്കിംങ് ബോർഡ് സ്ഥാപിച്ചെങ്കിലും അതിന് കീഴിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. ഇതിന് കാരണമായി വാഹന ഉടമകൾ പറയുന്നത് ഇത്രയും വലിയ പട്ടണത്തിൽ ഒരു പേ പാർക്കിങ് കേന്ദ്രമെങ്കിലും കാണിച്ച് തരാനാണ്. കൂടാതെ ദിവസവും നിരവധി അന്യസംസ്ഥാന ചരക്കു ലോറികളും ചക്കരക്കല്ലിൽ എത്തുന്നുണ്ട്. ഇവരും പാർക്ക് ചെയ്യുന്നത് മൂന്നുപെരിയ റോഡിലാണ്.
പാർക്കിങ് ലൈറ്റ് ഇടാതെ രാത്രി പാർക്ക് ചെയ്യുന്നത് കൊണ്ട് അപകടം പതിവാണ്. കഴിഞ്ഞ മാസം മാത്രം 9 അപകടങ്ങളാണ് നിർത്തിയിട്ട ലോറിക്ക് പിന്നിൽ അടിച്ച് ഉണ്ടായത്. എത്രയും വേഗം ചക്കരക്കല്ലിൽ ഒരു പേ പാർക്കിങ് കേന്ദ്രം ഒരുക്കണമെന്നാണ് പൊതുജനങ്ങളിൽ നിന്നും ഉയർന്നു വരുന്ന ആവശ്യം. അതേസമയം ചക്കരക്കല്ലിൽ പാർക്കിങ് പ്രശ്നമുള്ളത് കൊണ്ട് പട്ടണത്തിലെ വ്യാപാരങ്ങൾ മറ്റിടങ്ങളിലേക്ക് വഴിമാറി പോകുന്നതായി ചില വ്യാപാരികൾ പറയുന്നു.
Leave a Comment